സ്വിഗ്ഗി വീണ്ടും പ്ലാറ്റ്ഫോം ഫീസ് കൂട്ടി, ഇനി 14 രൂപ
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി വീണ്ടും പ്ലാറ്റ്ഫോം ഫീസ് കൂട്ടി. ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള ഫോം ഫീസ് 12 രൂപയില്‍ നിന്ന് 14 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഉത്സവ സീസണില്‍ ഉപഭോക്തൃ ഇടപാടുകള്‍ വര്‍ധിച്ചതാണ് നിരക്കില്‍ മാറ്റം വരുത്തിയതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കമ്പനി പ്ലാറ്റ്ഫോം ഫീസ് ക്രമാനുഗതമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 2023 ഏപ്രിലില്‍ 2 രൂപയായിരുന്നു ഫീസ് 2024 ജൂലൈയില്‍ 6 രൂപയായി ഉയര്‍ന്നു, 2024 ഒക്ടോബറില്‍ 10 രൂപയായി ഉയര്‍ന്നു, ഇപ്പോള്‍ ഇത് 14 രൂപയായി. വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 600 ശതമാനം വര്‍ധനവാണ് കമ്പനി വരുത്തിയിട്ടുള്ളത്. നിലവില്‍ സ്വിഗ്ഗി പ്രതിദിനം 2 ദശലക്ഷത്തിലധികം ഓര്‍ഡറുകളാണ് കൈകാര്യം ചെയ്യുന്നത്. നിരക്ക് വര്‍ധിക്കുന്നതിലൂടെ ഈ ഫീസ് ഇനത്തില്‍ നിന്നുള്ള ദൈനംദിന വരുമാനത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടാകുക. സ്വിഗ്ഗിയെ കൂടാതെ സൊമാറ്റോയും തിരക്കേറിയ സമയങ്ങളില്‍ പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിക്കാറുണ്ട്. ഇത്തരം വര്‍ധനവുകള്‍ക്ക് ശേഷം ഓര്‍ഡര്‍ കുറയുന്ന സമയങ്ങളില്‍ ഫീസില്‍ മാറ്റങ്ങള്‍ വരുത്താറില്ല.